തീപ്പൊരിക്കുന്ന് : വൈദ്യുതി കമ്പിവേലിയിൽ മരം തള്ളി മറിച്ചിട്ട് തകർത്ത ശേഷം കാട്ടാന മലയോര ഹൈവേയരികിലെ കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിച്ചു.
കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പുനത്തിനും അമ്പായത്തോടിനുമിടയിൽ തീപ്പൊരിക്കുന്നിനടുത്തുള്ള തട്ടാ പറമ്പിൽ സ്റ്റീഫൻ്റെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്.കണ്ടപ്പുനത്തുള്ള വനം വകുപ്പ് ഓഫീസിൻ്റെ സമീപത്തുകൂടി നാട്ടിലിറങ്ങിയ കാട്ടാന പുഴയോരത്തെ റോഡിലൂടെ നടന്നാണ് സ്റ്റീഫൻ്റെ കൃഷിയിടത്തിൽ എത്തിയത്.
കൊട്ടിയൂർ മലയോര ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം അകലെ വരെയെത്തിയ കാട്ടാന നിരവധി വീടുകളുടെ സമീപത്തുകൂടിയാണ് കടന്നു വന്നതും മടങ്ങിയതും. 12 വർഷം മുൻപ് ഇതേ കൃഷിയിടത്തിൽ കാട്ടാനയെത്തിയിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് കാട്ടാന മന്ദം ചേരി ടൗണിലിറങ്ങിയിരുന്നു.
പല തവണ മന്ദംചേരി, കണ്ടപ്പുനം ടൗണുകൾക്ക് സമീപമുള്ള കൃഷിയിടങ്ങളിൽ കാട്ടാന എത്തിയിട്ടുണ്ട്. എന്നാൽ സമീപകാലത്ത് വലിയ ശല്യം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. പ്ലാവുകൾ കായ്ച്ചതും ചക്ക പഴുത്തു തുടങ്ങിയതുമാണ് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
കൃഷിനാശം സംഭവിച്ചവർക്ക് ന്യായമായ നഷ്ട പരിഹാരം പോലും നൽകാത്ത വനം വകുപ്പ് കോടിക്കണക്കിന് രൂപയാണ് വന്യ ജീവികളെ തുരത്തുന്നതിനായി പാഴാക്കുന്നത്. ആ തുക ഉപയോഗിച്ച് ആന മതിലും കിടങ്ങും നിർമിക്കുകയും കർഷകരിൽ നിന്ന് ചക്കയും മറ്റും വില കൊടുത്തു വാങ്ങി കാട്ടിനുള്ളിൽ എത്തിച്ചു കൊടുക്കുകയും ചെയ്താൽ കൃഷി നാശമെങ്കിലും കുറയുമെന്ന് കർഷകയായ ജസി സ്റ്റീഫൻ പറഞ്ഞു. പല തവണയായി പത്തിൽ അധികം തെങ്ങുകൾ കാട്ടാന നശിപ്പിച്ചിട്ടും നഷ്ടപരിഹാരമായി വനം വകുപ്പ് ഒന്നും നൽകിയില്ലെന്നും ജസി പറയുന്നു.
The wild elephant's visit to the mountain highway ended 100 meters away.